ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അനക് ക്രാകടൗ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇത് പടിഞ്ഞാറൻ ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിൽ അഗ്നിപർവ്വത ചാരം പടരാൻ കാരണമാവുകയും ജക്കാർത്തയിലെ സുകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇടയാക്കുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വിമാനത്താവളം ഉള്‍പ്പെടെയുള്ളവ അടച്ചതോടെ 712-ലധികം സര്‍വീസുകളെ ബാധിക്കുകയും ഒന്നര ലക്ഷത്തിലധികം പേരുടെ യാത്ര തടസ്സപ്പെടുകയും ചെയ്തു. ജാവയുടെയും സുമാത്രയുടെയും ചില ഭാഗങ്ങളിൽ 50,000 അടി ഉയരത്തിൽ അഗ്നിപർവ്വത ചാരം ഉയർന്നു. ദൃശ്യപരത താഴ്ന്നതോടെ വ്യോമ ഗതാഗതം തടസപ്പെട്ടു.
സിംഗപ്പൂര്‍, ദോഹ, സിഡ്നി, ക്വാലാലംപൂര്‍ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സര്‍വീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. പ്രദേശത്ത് തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. നിലവിൽ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രദേശത്തെ താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശമുണ്ട്. ശ്വസന തടസ്സങ്ങളും കണ്ണ്-ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കാൻ മാസ്ക് ധരിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രദേശത്ത് വലിയ തോതിൽ ചാരം കാരണം സ്കൂളുകളും മത്സ്യബന്ധനവും താൽക്കാലികമായി നിർത്തിവച്ചു.
ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവായി നടക്കുന്ന ‘പസഫിക് റിംഗ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്.
SUMMARY: Volcanic eruption in Indonesia: Air travel disrupted, nearly 1.5 lakh passengers stranded
















