ബെംഗളൂരു: തിരുപ്പതി ദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മൈസൂരു സ്വദേശികളും ബെംഗളൂരു വിദ്യാരണ്യപുരത്തെ താമസക്കാരുമായ ദേവേന്ദ്ര (44), ഭാര്യാ മാതാവ് ശാരദാ ബായി (70), മക്കളായ ദീക്ഷ (20), വിഷ്ണു സായി (12) എന്നിവരാണ് മരിച്ചത്.
കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ദൊഡ്ഡകാരി ഗ്രാമത്തിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൽവർട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
തിരുപ്പതിയിൽ ദർശനം പൂർത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വികാസ് റാവുവിന് ഉറക്കം വന്നതാകാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ യഥാർഥ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബെതാമംഗള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2025 മാർച്ചിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിലെ കോലത്തൂർ–ബെതാമംഗള ഭാഗത്ത് ഇതിനകം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഡസനിലധികം അപകടങ്ങളിൽ ഏകദേശം 25 പേർ മരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
SUMMARY: Tragic accident on Bengaluru-Chennai Expressway; Four members of a family die
















