ബെംഗളൂരു: കർണാടകയിൽ അഴിമതിക്കെതിരായ ലോകായുക്ത നടപടികളുടെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 2022 സെപ്റ്റംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള നാല് വർഷത്തിനിടെ 1,451 സർക്കാർ ജീവനക്കാർക്കെതിരെ 1,248 കേസുകൾ ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭാ കൗൺസിലിൽ അറിയിച്ചു.
ഇതിൽ 939 കേസുകൾ കൈക്കൂലി സംബന്ധിച്ചവയും 309 കേസുകൾ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടവയുമാണ്. സർക്കാർ ജീവനക്കാരുടെ ദൈനംദിന ചുമതല നിർവഹിക്കുന്നതിലെ വീഴ്ചകളും നടപടിക്രമ ലംഘനങ്ങളും ഉൾപ്പെടെ 115 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമസഭാ കൗൺസിൽ അംഗങ്ങളായ ധനഞ്ജയ സർജിയും മധു ജി. മഡെഗൗഡയും ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്.
രജിസ്റ്റർ ചെയ്ത 1,248 കേസുകളിൽ 364 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 218 കേസുകളിലെ അന്വേഷണം വിവിധ കോടതികളുടെ ഇടക്കാല ഉത്തരവുകൾ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. 18 കേസുകളിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. ശേഷിക്കുന്ന 648 കേസുകളിൽ അന്വേഷണം തുടരുകയാണ്.
കേസുകളിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടത് ഗ്രൂപ്പ്-സി ജീവനക്കാരാണ് — 733 പേർ. ഗ്രൂപ്പ്-ബി വിഭാഗത്തിൽ 376 പേരും ഗ്രൂപ്പ്-ഡി വിഭാഗത്തിൽ 28 പേരും ഗ്രൂപ്പ്-എ വിഭാഗത്തിൽ 12 പേരും കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് വിഭാഗത്തിൽ 27 പേരും ഉൾപ്പെടുന്നു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 49 കരാർ ജീവനക്കാരും പ്രതിപ്പട്ടികയിലുണ്ട്.
ആരോഗ്യം, എൻജിനീയറിങ്, വാണിജ്യ നികുതി, പൊലീസ്, റവന്യൂ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, ഗ്രാമവികസനം, പഞ്ചായത്ത് രാജ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, ഈ 1,248 കേസുകളിൽ ഇതുവരെ ശിക്ഷയോ പിരിച്ചുവിടലോ ഉണ്ടായിട്ടില്ല. അന്വേഷണം, വിചാരണ, കോടതിയുടെ ഇടക്കാല ഉത്തരവുകൾ എന്നിവ തുടരുന്നതാണ് ഇതിന് കാരണം. എന്നാൽ 2023 മുതൽ അഴിമതി നിരോധന നിയമപ്രകാരം പ്രത്യേക കോടതികളിൽ പരിഗണിച്ച മറ്റ് കേസുകളിൽ 148 സർക്കാർ ജീവനക്കാർ കുറ്റക്കാരായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോടതികളിൽ നിലനിൽക്കുന്ന ഇടക്കാല സ്റ്റേ ഉത്തരവുകൾ നീക്കുന്നതിനും കൈക്കൂലി കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനുമായി പ്രത്യേക അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
അഴിമതി തടയുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് സ്വത്തുവിവരങ്ങളും ബാധ്യതകളും നിർബന്ധമായും വെളിപ്പെടുത്താനുള്ള നടപടികളും സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 20 മുതൽ സ്വത്ത് വിവരങ്ങൾ സംസ്ഥാന സർക്കാരിന്റെ ഇ-പിഎആർ സംവിധാനത്തിലൂടെ സമർപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
SUMMARY: Lokayukta action: Cases filed against 1,451 government employees in four years















