ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഗണേശോത്സവം നടത്തുന്നതിനാണ് പ്രധാനമായും നിർദേശങ്ങൾ. ഗണേശ വിഗ്രഹങ്ങളുടെ നിർമാണത്തിലും വിൽപ്പനയിലും പ്ലാസ്റ്റർ ഓഫ് പാരിസ്, തെർമോകോൾ, രാസനിറങ്ങൾ എന്നിവയുടെ ഉപയോഗം പൂർണമായി നിരോധിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം ക്രിമിനൽ കേസെടുക്കുകയും നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യും. ജലാശയങ്ങളിലെ മലിനീകരണം ഒഴിവാക്കുന്നതിനും ജലജീവികളെ സംരക്ഷിക്കുന്നതിനുമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഏക ജാലക സംവിധാനത്തിലൂടെ അനുമതി
പൊതുസ്ഥലങ്ങളിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച് ആഘോഷം നടത്തുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണ്. നഗരത്തിലെ അഞ്ച് നഗരസഭാ പരിധികളിലും വാർഡ് അടിസ്ഥാനത്തിൽ നോഡൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. നഗരസഭ, പൊലീസ്, ബെസ്കോം, അഗ്നിരക്ഷാസേന, പരിസ്ഥിതി വകുപ്പ് എന്നിവയുടെ ഏകോപനത്തോടെ ഒറ്റജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണ് തീരുമാനം.
സർക്കാർ ചട്ടങ്ങളും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങളും പാലിക്കുന്നവർക്ക് മാത്രമായിരിക്കും അനുമതി..
വീടുകളിൽ തന്നെ വിഗ്രഹനിമജ്ജനത്തിന് പ്രോത്സാഹനം
പരിസ്ഥിതി സൗഹൃദ മണ്ണുകൊണ്ടുള്ള ചെറിയ ഗണേശ വിഗ്രഹങ്ങൾ വീടുകളിൽ തന്നെ ബക്കറ്റുകളിലോ അനുയോജ്യമായ പാത്രങ്ങളിലോ നിമജ്ജനം ചെയ്യണമെന്ന് ജി.ബി.എ ജനങ്ങളോട് നിർദേശിക്കും. നിമജ്ജനത്തിന് ശേഷം ലഭിക്കുന്ന മണ്ണ് വീട്ടിലെ ചെടികൾക്കും പൂച്ചട്ടികൾക്കും ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
വലിയ വിഗ്രഹങ്ങൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം നിമജ്ജന സൗകര്യങ്ങൾ ഒരുക്കും. ഇതിനായി ആവശ്യമായ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, താൽക്കാലിക ടാങ്കറുകൾ, വലിയ ഡ്രമ്മുകൾ, ബാരിക്കേഡുകൾ എന്നിവ സജ്ജീകരിക്കും. തടാകങ്ങളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം നടത്തുമ്പോൾ മലിനീകരണം തടയുന്നതിനുള്ള മുൻകരുതലുകളും സ്വീകരിക്കും.
ശബ്ദവൽക്കരണത്തിനും അനുമതി നിർബന്ധം
ഗണേശോത്സവത്തിനിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പ്രത്യേകം അനുമതി വാങ്ങണം. നിശ്ചിത ഫീസ് അടച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷമായിരിക്കും അനുമതി നൽകുക. ആഘോഷവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് നഗരസഭാ കമ്മീഷണർമാരും വാർഡ് നോഡൽ ഉദ്യോഗസ്ഥരും നിരീക്ഷിക്കും.
ഈ വർഷത്തെ ഗണേശ ചതുർത്ഥി സെപ്റ്റംബർ 14നാണ്. ആഘോഷങ്ങൾക്കിടെ പരിസ്ഥിതി സംരക്ഷണത്തിനും ജലാശയങ്ങളുടെ സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നാണ് ജി.ബി.എയുടെ നിർദേശം.
SUMMARY: Ganesh Chaturthi; Guidelines issued, POP, thermocol, chemical colors banned
















