മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസമാണ് മോർഫിങ് കേസില്‍ പ്രതിയായ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പുറത്തിറങ്ങിയ പ്രതി മലപ്പുറത്തെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
തിരുവനന്തപുരത്ത് മൊബൈല്‍ ടെക്നീഷ്യനായി ജോലിചെയ്യുന്നയാളാണ് സുബിൻ ബാബു. ഇതിനിടെയാണ് മലബാർ മേഖലയിലെ കോളേജ് വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളില്‍നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് ഇത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങള്‍ പണം വാങ്ങി വില്‍പ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ 12-ഓളം കോളേജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നത്. തുടർന്ന് പോലീസ് മെറ്റയില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.
SUMMARY: Malappuram morphing case: Accused out on bail attempts suicide at a lodge
















