കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ 5,500ലധികം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ 275 ഇന്ത്യക്കാരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കേരളത്തില്‍ നിന്നുള്ള ഏഴ് പേരെ കണ്ടെത്താനുണ്ടെന്ന് നോര്‍ക്ക വ്യക്തമാക്കി. സംസ്ഥാനത്ത് നിന്നുളള 37 പേരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.
ഇതുവരെ 169 ഇന്ത്യക്കാരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. നേപ്പാള്‍ സൈന്യവും പ്രാദേശിക ഭരണകൂടവുമായും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത്. ടണല്‍ റെസ്‌ക്യൂ വിദഗ്ധരും ഫോറന്‍സിക്, മെഡിക്കല്‍ ടീമുകളും ഉള്‍പ്പെടെയുള്ള 54 അംഗ ഇന്ത്യന്‍ വിദഗ്ധ സംഘവും ദൗത്യത്തില്‍ പങ്കാളികളാണ്.
ഹിമാലയന്‍ മേഖലയില്‍ ഉണ്ടായ മഞ്ഞുപാളി തകര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലും മണ്ണും പാറകളും താഴേക്ക് ഒഴുകിയെത്തിയതുമാണ് നേപ്പാളിലെ ദുരന്തത്തിന് കാരണമായത്. കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തത്തിന്റെ പശ്ചാത്തലമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞിരുന്നു.
SUMMARY: Flash floods in Nepal; death toll rises to 1,420
















