തിരുവനന്തപുരം: വിളവൂർക്കലില്‍ ഒന്നര വയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് മലയിൻകീഴ് പോലീസ് രേഖപ്പെടുത്തി. ഭർതൃവീട്ടില്‍ താൻ ഒറ്റപ്പെടല്‍ നേരിട്ടിരുന്നതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് ക്രിസ്റ്റി പോലീസിന് മൊഴി നല്‍കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഭർത്താവുമായുള്ള പ്രശ്നങ്ങളും സ്വന്തം വീട്ടില്‍ പോകുന്നത് ഭർത്താവ് വിലക്കിയതുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും, ഇതിനായി ഉറക്കഗുളികകള്‍ കഴിച്ചതായും ക്രിസ്റ്റി പോലീസിനോട് വെളിപ്പെടുത്തി.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്രിസ്റ്റിയുടെ മൊഴികള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിളവൂർക്കല്‍ പൊറ്റയില്‍ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ വിവാഹവാർഷിക ദിനത്തിലായിരുന്നു ദാരുണമായ സംഭവം.
വിളവൂർക്കലില്‍ അഭിജിത്ത് – ക്രിസ്റ്റി ദമ്പതികളുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ ഉറങ്ങിക്കിടന്നിരുന്ന മകള്‍ അന്നയെ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം ക്രിസ്റ്റിയുടെയും ഭർത്താവ് അഭിജിത്തിന്റെയും നാലാം വിവാഹവാർഷികമായിരുന്നു. ഭർത്താവ് ജോലിക്കായി പുറത്തുപോയ സമയത്താണ് വീട്ടില്‍ ദാരുണമായ സംഭവം നടന്നത്.
SUMMARY: The accused mother stated that the isolation she faced at her husband’s home drove her to kill her one-and-a-half-year-old daughter
















