ന്യൂഡൽഹി: ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരവും കോണ്‍ഗ്രസ് എം.എല്‍.എയുമായ വിനേഷ് ഫോഗട്ട് നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്തായിരുന്നു വിനേഷ് കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ 14-ന് ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് തിരഞ്ഞെടുപ്പ് ട്രയല്‍സ് നടക്കുന്നത്. 2025, 2026 വർഷങ്ങളിലെ മെഡല്‍ ജേതാക്കള്‍, ദേശീയ പരിശീലന ക്യാമ്പിലുള്ളവർ, 2026-ലെ അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയവർ എന്നിവർക്ക് മാത്രമാണ് ഡബ്ല്യു.എഫ്.ഐ യോഗ്യത നിശ്ചയിച്ചിരുന്നത്.
ഗർഭധാരണവും പ്രസവാവധിയും കാരണം തനിക്ക് കഴിഞ്ഞ വർഷങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാൻ സാധിച്ചില്ലെന്നും, പെട്ടെന്ന് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കരിയറിനെ ബാധിക്കുമെന്നും വിനേഷിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍, നിർദ്ദിഷ്ട മാനദണ്ഡങ്ങളില്‍ നിന്ന് വിനേഷിന് മാത്രം ഇളവ് നല്‍കുന്നത് മറ്റ് കായിക താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്ന് കോടതി നിരീക്ഷിച്ചു.
നയപരമായ കാര്യങ്ങളില്‍ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി, എന്ത് കാരണം കൊണ്ടായാലും നിർദ്ദിഷ്ട മത്സരങ്ങളില്‍ പങ്കെടുക്കാത്തവർക്ക് ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം, പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വനിതാ കായിക താരങ്ങള്‍ക്കായി ഭാവിയില്‍ പ്രത്യേക മാർഗനിർദേശങ്ങളും നയങ്ങളും രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് ഡബ്ല്യു.എഫ്.ഐയോട് കോടതി നിർദ്ദേശിച്ചു.
SUMMARY: Cannot participate in World Championship trials; Delhi High Court dismisses Vinesh Phogat’s plea
















