വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. ആവശ്യമായ അനുബന്ധ രേഖകളുടെ അഭാവവും ഗുരുതരമായ ക്ലറിക്കല്‍ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. 2021 ഫെബ്രുവരിയില്‍ വയനാട്ടിലെ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ വനംവകുപ്പ് പിടികൂടി അഞ്ചു വർഷത്തിനു ശേഷമാണ് സെപ്റ്റംബർ 17-ന് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.
എന്നാല്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ ഇത്രയും വലിയ കാലതാമസം എന്തുകൊണ്ട് ഉണ്ടായി എന്നതിനെക്കുറിച്ച് വനംവകുപ്പ് വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. കടത്താൻ ശ്രമിച്ച മരങ്ങള്‍ വനഭൂമിയില്‍ നിന്നാണോ അതോ പട്ടയഭൂമിയില്‍ നിന്നാണോ എന്നതില്‍ കുറ്റപത്രത്തില്‍ വ്യക്തതയില്ല.
കൂടാതെ, പിടിച്ചെടുത്ത ഈട്ടിത്തടികള്‍ ഏതാണെന്നതിലും കടത്താൻ ഉപയോഗിച്ച വാഹനങ്ങള്‍ ഏതാണെന്നതിലും കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അഗസ്റ്റിൻ സഹോദരന്മാരായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരടക്കം 7 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.
SUMMARY: Major setback for the Forest Department; charge sheet in the Muttil tree-felling case rejected
















