കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നല്‍ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. തേവരയിലുള്ള ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലുള്ള രണ്ട് വീടുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കണക്കില്‍പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു.
കണ്ടെത്തിയ വിദേശനാണ്യത്തിന് ഇന്ത്യൻ രൂപ ഏകദേശം 75,000 രൂപയോളം മൂല്യം വരുമെന്നും വിജിലൻസ് വ്യക്തമാക്കി. തന്റെ ലോഡ്ജില്‍ നിന്നുള്ള മാസവരുമാനമാണ് പിടിച്ചെടുത്ത പണമെന്നാണ് പ്രജനി രാജന്റെ മൊഴി. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ ആരംഭിച്ച പരിശോധന രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്‌പെഷ്യല്‍ സെല്‍ എസ്‌പി എം ജെ സോജൻ, ഡിവൈഎസ്‌പി എ എല്‍ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ നിന്ന് വാറന്റ് വാങ്ങിയശേഷമാണ് റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളിലെ ജിഎസ്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു. നേരത്തെ മുതല്‍ തന്നെ ഇവർ വിജിലൻസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. പണത്തിന് പുറമേ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
SUMMARY: Illegal fund collection and irregularities; Vigilance raids at the GST Joint Commissioner’s office and residences in Kochi
















