തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ 10ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്. രണ്ട് കോർപറേഷൻ ഡിവിഷൻ, (കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ് എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ്. 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
വാര്‍ഡ് അംഗങ്ങള്‍ എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എട്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൂന്ന് മുന്നണികളും തമ്മിലുളള ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാണ് ഇന്ന് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പാണിത് എന്നതിനാൽ സമീപകാല രാഷ്‌ട്രീയസാഹചര്യം വോട്ടർമാരെ സ്വാധീനിക്കും. യുഡിഎഫ് സർക്കാരിനെതിരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുണ്ടായ വിവാദ വിഷയങ്ങൾ ഉയർത്തിയായിരുന്നു എൽഡിഎഫ് പ്രചാരണം. പവർകട്ട് മുതൽ മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, ആഡംബരക്കാർ യാത്ര എന്നിവയെല്ലാം എൽഡിഎഫ് പ്രചാരണ വിഷയമാക്കി. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സർക്കാരിന്റെ അഭിമാന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചാരണം.
SUMMARY: By-elections in 38 local wards of the state today
















