ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയബന്ധിതമായി സിനിമ തുടങ്ങാതിരുന്ന തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. ഉപഭോക്താക്കള്‍ക്ക് സേവനത്തില്‍ വീഴ്ച വരുത്തുകയും അന്യായമായ വ്യാപാരരീതി പിന്തുടരുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2025 ജൂണ്‍ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ധനുഷും നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തിയ ‘കുബേര’ സിനിമ കാണാനാണ് 33കാരനായ പരാതിക്കാരനും സുഹൃത്തും ടിക്കറ്റെടുത്തത്. രാത്രി 10.35ന് ആരംഭിക്കേണ്ട പ്രദർശനത്തിനായി 10.30ഓടെ ഇരുവരും തിയേറ്ററിലെത്തി സീറ്റുകളില്‍ ഇരുന്നു. എന്നാല്‍ 10.52 വരെ വാണിജ്യ പരസ്യങ്ങളും വിവിധ സിനിമകളുടെ ട്രെയിലറുകളുമാണ് പ്രദർശിപ്പിച്ചത്. സിനിമ വൈകിയതോടെ പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെത്താൻ കഴിഞ്ഞതെന്നും ഇത് തന്റെ മറ്റ് പദ്ധതികളെ ബാധിച്ചെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
വാദത്തിനിടെ പരസ്യങ്ങളും ട്രെയിലറുകളും പൊതുജനസമ്പർക്ക വീഡിയോകളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നായിരുന്നു തിയേറ്റർ കമ്പനിയുടെ വാദം. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് പ്രദർശിപ്പിച്ചതെന്നും കമ്പനി വിശദീകരിച്ചു. എന്നാല്‍ സർക്കാർ മാർഗനിർദേശങ്ങള്‍ പ്രകാരം ഇത്തരം ബോധവല്‍ക്കരണ വീഡിയോകള്‍ പരമാവധി രണ്ട് മിനിറ്റ് മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. തിയേറ്ററിന്റെ വാണിജ്യ താല്‍പര്യത്തിനായാണ് പരസ്യങ്ങള്‍ പ്രദർശിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി കമ്മീഷൻ തിയേറ്ററിന്റെ വാദം തള്ളി.
വിധിച്ച 75,000 രൂപ മൂന്ന് ആവശ്യങ്ങള്‍ക്കായാണ് വിഭജിച്ചിരിക്കുന്നത്. അനാവശ്യമായി സിനിമ വൈകിപ്പിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് 20,000 രൂപ നഷ്ടപരിഹാരമായും കേസിന്റെ ചെലവിനായി 5,000 രൂപയും പരാതിക്കാരന് നല്‍കണം. കൂടാതെ ഇത്തരം നടപടികള്‍ ആവർത്തിക്കാതിരിക്കാനുള്ള ശിക്ഷാനടപടിയായി 50,000 രൂപ ജില്ലാ കണ്‍സ്യൂമർ വെല്‍ഫെയർ ഫണ്ടില്‍ അടയ്ക്കാനും കമ്മീഷൻ നിർദേശിച്ചു.
SUMMARY: ₹75,000 fine for theatre that delayed movie screening due to 22 minutes of advertisements
















