തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ എസ് ആര് ടി സി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അടുത്ത മാസം 14 മുതല്‍ നവംബര്‍ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മൾട്ടി ആക്സിൽ എസി ബസുകളാണ്.
ചെന്നൈയിലേക്കുള്ള എറണാകുളം സർവീസും മൾട്ടി ആക്സിൽ എസി ബസിലാണ്. ഇതിൽ ചില റൂട്ടുകളിൽ ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.
SUMMARY: Kerala RTC to operate special inter-state services, including to Bengaluru, for the Puja-Diwali holidays.
















