തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമ പുറപ്പെടുവിച്ചു.
നിലവില്‍ സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറമാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവന്നത്. അന്ന് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ മരിച്ചിരുന്നു. അന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും സർക്കാറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തു.
റോഡ് സുരക്ഷ മുന്‍നിര്‍ത്തി ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും സുരക്ഷാ ഗ്ലാസുകളിലും സിനിമാ താരങ്ങളുടെ ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും പതിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. 2019 ഒക്ടോബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാരങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് കേരള മോട്ടോര്‍ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11ന് എല്‍.എം.വി അല്ലാത്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നടപ്പാക്കി.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കിയിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ പ്രത്യേക കളര്‍ കോഡ് നിയന്ത്രണമില്ലാതെ കേരളത്തില്‍ സര്‍വീസ് നടത്തുമ്പോള്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.
SUMMARY: Tourist buses can now be colorful; government orders a review of the unified color code.
















