കീവ്: ഇന്ത്യന്‍ കമ്പനിയായ കുസും ഗ്രൂപ്പിന്റെ ഉക്രെയ്‌നിലെ വന്‍ ഫാര്‍മ പ്ലാന്റിന് നേരെയുണ്ടായ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല. ഉക്രെയ്‌നിലെ സമിയില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പ്ലാന്റിന്റെ പ്രധാന ഭാഗം പൂര്‍ണമായി തകര്‍ന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലാന്റില്‍ നിന്ന് വന്‍തോതില്‍ പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. റഷ്യ-ഉക്രെയ്ന്‍ യുദ്ധം നടക്കുമ്പോഴും പ്ലാന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 400 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. 1994ല്‍ ആരംഭിച്ച കുസും ഗ്രൂപ്പ് ഉക്രെയ്‌നിലേക്കുള്ള ഇന്ത്യന്‍ മരുന്നുകളുടെ വിതരണക്കാരായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് കമ്പനിയുടെ ഇപ്പോഴത്തെ മേധാവി.
2002ല്‍ മറ്റു കമ്പനികളുടെ മരുന്നുകള്‍ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 2007ല്‍ ഇന്ത്യയിലും 2009ല്‍ ഉക്രെയ്‌നിലും പ്ലാന്റുകള്‍ ആരംഭിക്കുകയും ചെയ്തു. ഉക്രെയ്ന്‍ ഉള്‍പ്പെടെ ഒന്‍പതിലധികം രാജ്യങ്ങളില്‍ 50ലധികം ജനറിക് മരുന്നുകളുടെ വില്‍പ്പന കമ്പനി നടത്തുന്നുണ്ട്.
SUMMARY: Russian drone attack on Indian pharmaceutical company in Ukraine; one person killed
















