ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ഡിസംബർ 15നകം നടത്താന്‍ സാധ്യത. തിരഞ്ഞെടുപ്പിനുള്ള സംവരണ നടപടികൾ അവസാനഘട്ടത്തിലാണ്. സംവരണ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ പുനഃപരിശോധനയും മറ്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി ഈ വർഷം ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതി നേരത്തെ ഓഗസ്റ്റ് 31 ആണ് ജിബിഎ തിരഞ്ഞെടുപ്പുകൾക്കുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്, എന്നാൽ എസ്ഐആർ ജോലികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സമയം നീട്ടി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇതിനകം വോട്ടിംഗ് കേന്ദ്രങ്ങൾ, ബാലറ്റ് ബോക്സുകൾ, ആവശ്യമായ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനുള്ള നിയമഭേദഗതിക്ക് ഇതിനകം ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതോടെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ എല്ലാ നടപടികളും പൂർത്തിയായി.
SUMMARY: Karnataka local body elections; likely to be held in December.
















