ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വീണ്ടും വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ നാല് സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി പരിശോധിച്ച വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള സമിതി നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട ശുപാർശകൾ തയ്യാറാക്കിയിട്ടുണ്ട്.
ഡീസൽ വില വർധന, പ്രവർത്തനച്ചെലവിലെ വർധന, ശമ്പളവും പരിപാലനച്ചെലവും ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളാണ് നിരക്ക് വർധന പരിഗണിക്കുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. നാല് ഗതാഗത കോർപ്പറേഷനുകളും കഴിഞ്ഞ ഏതാനും വർഷങ്ങളായി സാമ്പത്തിക നഷ്ടം നേരിടുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. 2025–26 സാമ്പത്തിക വർഷത്തിൽ മാത്രം നാല് കോർപ്പറേഷനുകളുടെയും മൊത്തം നഷ്ടം 1,527 കോടിയായിരുന്നു.
നിരക്ക് എത്ര ശതമാനം വർധിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. സമിതിയുടെ ശുപാർശ പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം തേടുകയും ചെയ്യും. മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ പുതിയ നിരക്ക് പ്രാബല്യത്തിൽ വരൂ.
നിലവിലെ നിർദേശം നടപ്പായാൽ സംസ്ഥാനത്തെ സ്ഥിരം ബസ് യാത്രക്കാരെ നേരിട്ട് ബാധിക്കും. പ്രത്യേകിച്ച് ദിവസേന ബസ് സർവീസുകളെ ആശ്രയിക്കുന്ന ബെംഗളൂരു നഗരത്തിലെ യാത്രക്കാർക്ക് ബി.എം.ടി.സി നിരക്ക് വർധന അധിക സാമ്പത്തിക ബാധ്യതയാകും.
അതേസമയം, നിരക്ക് വർധനയുടെ കൃത്യമായ ശതമാനം സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി ഏകദേശം 33 ശതമാനവും ബി.എം.ടി.സി ഏകദേശം 44 ശതമാനവും വർധന ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടെങ്കിലും, അന്തിമ നിരക്ക് ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കാം.
SUMMARY:KSRTC and BMTC bus fares may be hiked.
















