ബെംഗളൂരു: രാജ്യത്തെ നാടകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്തമായ രംഗശങ്കര നാടകോത്സവം 2026 (Ranga Shankara Theatre Festival 2026) ഒക്ടോബർ 23 മുതൽ നവംബർ 1 വരെ ബെംഗളൂരു ജെ.പി. നഗറിലെ രംഗശങ്കര വേദിയിൽ അരങ്ങേറും.
ഈ വർഷത്തെ മേളയുടെ മുഖ്യപ്രമേയം “ബിലോങ്ങിങ്: ത്രൂ മെമ്മറി, മൈഗ്രേഷൻ ആന്റ് ബൗണ്ടറീസ്” (Belonging: Through Memory, Migration, and Boundaries) എന്നതാണ്. ഓർമ്മകൾ, കുടിയേറ്റങ്ങൾ, അതിരുകൾ എന്നിവയിലൂടെയുള്ള മനുഷ്യന്റെ അസ്തിത്വത്തെയും പൊരുത്തപ്പെടലുകളെയും അടയാളപ്പെടുത്തുന്ന വിവിധ നാടകങ്ങളാണ് ഇത്തവണ അരങ്ങിലെത്തുന്നത്.
ഒക്ടോബർ 23, 24, 25 തീയതികളിലും തുടർന്ന് ഒക്ടോബർ 30, 31, നവംബർ 1 തീയതികളിലുമായിട്ടാണ് നാടകോത്സവത്തിലെ പ്രധാന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ നാടകങ്ങൾക്ക് പുറമെ വിവിധ ദേശങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ കലാ പ്രകടനങ്ങളും മേളയുടെ ഭാഗമായി ഉണ്ടകും.
രണ്ട് മലയാള നാടകങ്ങൾ ഇത്തവണ അരങ്ങിൽ എത്തുന്നുണ്ട്. എറണാകുളം ജലം തീയേറ്റർ കമ്പനി അവതരിപ്പിക്കുന്ന ‘ചെവിട്ടോർമ്മ’ ഒക്ടോബർ 25ന് 7.30ന് അരങ്ങേറും. വിപിൻകുമാർ വി.യു. രചിച്ച് ഡോക്ടർ ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത നാടകത്തിന്റെ ദൈർഘ്യം 70 മിനിറ്റാണ്.
തൃശ്ശൂർ പഞ്ചമി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം’ പൊറാട്ട്’ ഒക്ടോബർ 30ന് വൈകിട്ട് 7 30ന് പ്രദർശിപ്പിക്കും. 80 മിനിറ്റ് ദീർഘ്യമുള്ള നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിഖിൽദാസാണ്.
നാടകങ്ങളുടെ പ്രദർശനം ടിക്കറ്റ് മുഖേനയാണ്. ബുക്മൈഷോയിൽ ടിക്കറ്റുകൾ ലഭ്യമാണ്. നാടകാവതരണങ്ങൾക്ക് പുറമെ സെമിനാറുകൾ, ചർച്ചകൾ, ശിൽപ്പശാലകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. നാടകോത്സവത്തിലേക്ക് നഗരത്തിലെയും പുറത്തുനിന്നുമുള്ള നിരവധി നാടകോത്സവ ആസ്വാദകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Ranga Shankara Theatre Festival to kick off on October 23; two plays from Malayalam featured.
















