ബെംഗളൂരു: സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി അഗസ്റ്റീനിയൻസ് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പൂണ്യാളൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് തോമസ് ചർച്ച് ജാലഹള്ളി ജേതാക്കളായി. സെന്റ് ജൂഡ് ചർച്ച് ഉദയനഗർ രണ്ടാം സ്ഥാനം നേടി. ഹാൻസ് ആൻഡ് ഫെൺസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ മാണ്ഡ്യ രൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.
സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി വികാരി ഫാ. മാത്യു വാഴപ്പറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റിമാരായ ടോണി കടവിൽ, സന്തോഷ് തൈക്കാട്ടിൽ, ജോമിൻ ചാക്കോ, പിതൃവേദി പ്രസിഡന്റ് കുര്യൻ മാത്യു, ടൂർണമെന്റ് കൺവീനർമാരായ ജെറിൻ ജോസ്, അനൂപ് ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സെന്റ് മേരീസ് ബൈലക്കരെ, സെന്റ് മേരീസ് രാമമൂർത്തി നഗർ, സെന്റ് ജോസഫ് ചർച്ച് ബാബുസാപാളയ, സന്തോം ഹുളിമാവ്, സെന്റ് ജൂഡ് ഉദയനഗർ, സെന്റ് തോമസ് ജാലഹള്ളി, സെന്റ് അഗസ്റ്റിൻ മരിയനഹള്ളി, സെന്റ് ജോസഫ് ആൻഡ് ക്ലാരറ്റ് ചർച്ച് ദാസറഹള്ളി, സെന്റ് നോർബർട്ട് ചർച്ച് കാസവനഹള്ളി, ഹോളി ഫാമിലി ഫൊറോന ചർച്ച് ഹൊങ്കസാന്ദ്ര എന്നീ ഇടവകകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.
വിജയികളായ സെന്റ് തോമസ് ചർച്ച് ജാലഹള്ളിക്ക് 25,000 രൂപയും രണ്ടാം സ്ഥാനം നേടിയ സെന്റ് ജൂഡ് ചർച്ച് ഉദയനഗറിന് 12,500 രൂപയും ക്യാഷ് പ്രൈസായി സമ്മാനിച്ചു. ഇടവകകൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും സാഹോദര്യവും വളർത്തുന്നതിനൊപ്പം കായികമികവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധ ഇടവകകളിൽ നിന്നുള്ള കായികപ്രേമികളുടെ സജീവ പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.
SUMMARY: Augustinians Fathers’ Forum ‘Punyalans Premier League’ Season 3: St. Thomas Church, Jalahalli, are the winners.















