തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം നൽകിയവരെ തിരിച്ചുവിളിക്കാൻ സർക്കാർ തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സർവീസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും കെ-ടെറ്റ് പരീക്ഷ പാസാകണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളും കോടതി തള്ളിയിരുന്നു.
കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയ അധ്യാപകരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. 2025 സെപ്റ്റംബർ ഒന്നിന് ശേഷം നിയമനം ലഭിച്ച അധ്യാപകർക്കും ഉത്തരവ് ബാധകമാണ്. കെ-ടെറ്റ് യോഗ്യത സംബന്ധിച്ച സുപ്രീംകോടതി വിധി വന്നത് 2025 സെപ്റ്റംബർ ഒന്നിനായിരുന്നു. കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
സംസ്ഥാന സർക്കാർ നിർദേശിച്ച അധ്യാപക യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. എൽ.പി. മുതൽ ഹൈസ്കൂൾവരെ സ്ഥാനക്കയറ്റം നേടിയ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നൂറു കണക്കിന് അധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും ഇതു ബാധിക്കും.
SUMMARY: Aided school teachers lacking K-TET qualification will be dismissed; Education Department issues order.















