ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് ബെംഗളൂരു-മുംബൈ റൂട്ടിൽ തുടക്കം. ബെംഗളൂരു എസ്.എം.വി.ടി. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, എച്ച്.ഡി.കുമാരസ്വാമി, വി.സോമണ്ണ, ശോഭ കരന്തലാജെ, എംപിമാരായ തേജസ്വി സൂര്യ, പി.സി.മോഹൻ, സി.എൻ.മഞ്ജുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനദിവസം 12.15-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട പ്രത്യേക സർവീസ് തിങ്കളാഴ്ച രാവിലെ 6.15-ഓടെ മുംബൈയിലെത്തി. ആഴ്ചയിൽ ആറ് സർവീസുകളാണ് നടത്തുന്നത്.മുംബൈയിൽനിന്നുള്ള പതിവ് സർവീസ് തിങ്കളാഴ്ചയും ബെംഗളൂരുവിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ചയിലുമാണ് തുടങ്ങുക. ബെംഗളൂരു – മുംബൈ റൂട്ടിൽ ആരംഭിച്ചതോടെ ഇരു നഗരങ്ങൾക്കിടയിലെ യാത്രാസമയം 16 മണിക്കൂർ 10 മിനിറ്റായി ചുരുങ്ങി. 1118 കിലോമീറ്റർ പിന്നിടാൻ സാധാരണ ട്രെയിനുകൾക്ക് 21–25 മണിക്കൂർ വേണമായിരുന്നു.
ബെംഗളൂരു എസ്.എം.വി.ടി.യിൽനിന്ന് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7.45-ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ (27652) അടുത്തദിവസം രാവിലെ 11.55-ന് മുംബൈ സി.എസ്.എം.ടി.യിൽ എത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 8.10-ന് മുംബൈ സി.എസ്.എം.ടി.യിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ തീവണ്ടി (27651) അടുത്തദിവസം പകൽ 12-ന് ബെംഗളൂരു എസ്.എം.വി.ടി.യിൽ എത്തിച്ചേരും.
ബെംഗളൂരുവിൽനിന്ന് മുംബൈവരെ തേഡ് എ.സി.യിൽ 2810 രൂപയാണ് നിരക്ക്. സെക്കൻഡ് എ.സി.യിൽ 3630 രൂപയും ഫസ്റ്റ് എ.സി.യിൽ 4450 രൂപയുമാണ് നിരക്ക്. അനന്തപുര, ഗുന്തക്കൽ, റായ്ചൂരു, യാദ്ഗിർ, കലബുറഗി സോലാപുർ, പുണെ, കല്യാൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
Hon’ble Minister for Railways, Shri @AshwiniVaishnaw , flagged off the Bengaluru–Mumbai Vande Bharat Sleeper Train, marking a significant milestone in enhancing modern rail connectivity between the two major cities.
#VandeBharat_Sleeper https://t.co/qbtPplF6S6— South Western Railway (@SWRRLY) November 1, 2026
SUMMARY: Bengaluru-Mumbai Vande Bharat Sleeper flagged off
















