ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ വ്യാജ പ്രചാരണങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിവരസാങ്കേതിക വിദ്യ (ഐടി) നിയമത്തിലെ സെക്ഷൻ 79-ൽ സമഗ്രമായ ഭേദഗതി വരുത്താനാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തയ്യാറെടുക്കുന്നത്.
നിലവിലെ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് പ്ലാറ്റ്‌ഫോമുകൾക്ക് ലഭിച്ചിരുന്ന ‘സേഫ് ഹാർബർ’ (Safe Harbour) പരിരക്ഷ ഇല്ലാതാകുന്ന തരത്തിലാണ് പുതിയ നീക്കം. ഇതോടെ ഉപയോക്താക്കൾ പങ്കുവെക്കുന്ന നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾക്ക് മേൽ പ്ലാറ്റ്‌ഫോമുകൾ നേരിട്ട് നിയമനടപടിയും ക്രിമിനൽ ബാധ്യതയും നേരിടേണ്ടി വരും.
അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കാൻ ആലോചനയുണ്ട്. ഇത് വ്യാജ അക്കൗണ്ടുകൾ വഴിയുള്ള വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യകളും തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 18 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾക്കും ഉപയോഗത്തിനും കർശനമായ മേൽനോട്ടവും നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
കേന്ദ്ര സർക്കാരോ കോടതിയോ നിർദ്ദേശിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങളും നിർമ്മിത ബുദ്ധി (AI/Deepfake) ഉപയോഗിച്ച് ഉണ്ടാക്കുന്ന ദൃശ്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള സമയപരിധി മുൻപുണ്ടായിരുന്ന 36 മണിക്കൂറിൽ നിന്ന് 3 മണിക്കൂറായി വെട്ടിക്കുറച്ചിട്ടുണ്ട്. പോസ്റ്റുകളിൽ വീഴ്ച വരുത്തുന്ന അക്കൗണ്ടുകൾ പെട്ടെന്ന് റദ്ദാക്കാനും സസ്പെൻഡ് ചെയ്യാനും സർക്കാരിനും പ്ലാറ്റ്‌ഫോമുകൾക്കും അധികാരം ലഭിക്കും.
വ്യാജ വാർത്തകൾ, വ്യാജ ഡിജിറ്റൽ ദൃശ്യങ്ങൾ (Deepfakes), രാജ്യസുരക്ഷയെ ബാധിക്കുന്ന പോസ്റ്റുകൾ എന്നിവ തടയാനാണ് ഈ നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ ഔദ്യോഗിക രേഖകൾ നൽകി മാത്രം അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നത് വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഡിജിറ്റൽ ഇടങ്ങളിലെ സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും വച്ചുകെട്ടാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷവും സൈബർ വിദഗ്ധരും ആരോപിക്കുന്നു.
SUMMARY: Central government moves to curb social media; IT Acts will be amended
















