ബെംഗളൂരു: ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ തൊഴിൽഉടമ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കുണ്ടെന്ന് ബന്ധുക്കൾ ഈ ആരോപണമുന്നയിച്ചതിനെത്തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും പേരവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. ഇതിൽ ഒരാൾ ഗുണ്ടാസംഘത്തിലെ അംഗമെന്ന സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര ആലിൻ ചുവട് വള്ളുള്ളിശ്ശേരി സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ സ്വീറ്റ് കോണ്‍ ഫാക്ടറി ഉടമയും തമിഴ്നാട് സ്വദേശിയുമായ പ്രതി ആനന്ദ് രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മൈസൂരുവില്‍ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി കോഴ്സ് (പി.യു.സി) വിദ്യാര്‍ഥിനിയായ ഇയാളുടെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ ഇയാൾ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കിരണിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വീട്ടിൽ മകൾക്കൊപ്പം കിരണിനെ കണ്ടതാണ് പ്രകോപനമായതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. എന്നാല്‍ ആനന്ദ് കൊലപാതകം നേരത്തെ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ സംശയം. കിരണിനെ കൊലപ്പെടുത്താൻ നിശ്ചയിച്ച് ഇയാൾ ക്വട്ടേഷൻ സംഘാംഗങ്ങളെ വിളിച്ചു വരുത്തിയതാണെന്നും അവർ ആരോപിച്ചു.
യെലഹങ്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കിരണിന്റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി ഏഴോടെ ബന്ധുക്കൾക്ക് വിട്ടുനല്‍കി.
















