കൊച്ചി: റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. പാളം മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടുതന്നെ പാളം മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു. മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരുക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ പാളത്തിലൂടെ നടക്കുന്നത് സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും, ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.
2023 മേയ് 8നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം എറണാകുളം മെമു ട്രെയിനില്‍ യാത്ര ചെയ്യവെ തിരക്ക് മൂലം താഴെ വീണാണ് പരുക്കേറ്റതെന്നായിരുന്നു തോമസിന്റെ വാദം. എന്നാല്‍, മാവേലിക്കര സ്റ്റേഷനില്‍ വെച്ച് പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് ശബരി എക്‌സ്പ്രസ് ഇടിച്ചതെന്ന് റെയില്‍വേ കോടതിയില്‍ രേഖകള്‍ സഹിതം തെളിയിച്ചു. പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലെ പാളങ്ങള്‍ കുറുകെ കടക്കുന്നതിനിടെ ശബരി എക്‌സ്പ്രസ് ഇടിച്ച് ഗുരുതര പരുക്കേറ്റ തോമസ് കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നീണ്ടകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചത്.
SUMMARY: Crossing railway tracks is a criminal offense; tribunal rules that no compensation is payable in the event of an accident.















