കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് ഇന്ന് തുടക്കം. സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്.
2024 ജൂലൈയില്‍ വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയുമടക്കം കുടുംബത്തിലെ ഒന്‍പതോളം പേരെ നഷ്ടമായത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു. എന്നാല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പേ മറ്റൊരു ദുരന്തം കൂടി ശ്രുതിയെ തേടിയെത്തി. ഉരുള്‍പൊട്ടലിന് പിന്നാലെ സെപ്റ്റംബറിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. ഇതോടെ ജീവിതത്തില്‍ തനിച്ചായ ശ്രുതിയുടെ വേദന കേരളമൊന്നാകെ ഏറ്റെടുത്തിരുന്നു.
മാനന്തവാടി സ്വദേശിയാണ് വരൻ സന്ദീപ്. 2026 ജൂലൈയില്‍ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 6.15ഓടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ നടന്നത്. കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് മുന്‍ റവന്യൂ മന്ത്രി കെ രാജന് ആയിരുന്നു. എല്ലാവര്ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ രാജന് പറഞ്ഞു. എല്ലാഘടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന് മാധ്യമങ്ങളോട് പറഞ്ഞു.
SUMMARY: Farewell to the pain; Shruti, a survivor of the Wayanad landslide, steps into a new life—with Sandeep by her side.















