ചെറുകഥ ◼️ ജെയിംസ് എബ്രഹാം
![]()
ശരിയാണ്. അവൾ അവനെയൊന്നു തൊട്ടുപോയി !
തൊട്ടു തൊട്ടു, പിന്നെയും തൊട്ടു, അവന്റെ നീണ്ട കൈവിരലുകളിലൂടെ തന്റെ വിരലുകൾ കടത്തി, ആ ഇക്കിളിയിൽ ആകെ പൂത്തുലഞ്ഞ് അവളവനൊരുമ്മയും കൊടുത്തുപോയി!
വെറുതെ നിങ്ങൾ മുഖം ചുളിക്കേണ്ട കേട്ടോ.
അവൾ ഉമ്മ കൊടുത്തത് വെറുതെ ആരെയെങ്കിൽക്കുമ്മല്ല. ഈ പുതിയ പിള്ളേര് പറയുന്ന പോലത്തെ ‘റിവഞ്ച് ഡേറ്റിംഗി’ൻ്റെ ഭാഗവുമല്ല. ഇത്, അവൾക്കൊത്തിരി ഇഷ്ടമുള്ള, കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാൻ തോന്നുന്നത്രഇഷ്ടമുള്ള, എപ്പോഴുമവളെ ചിരിപ്പിക്കുന്ന, അവളുടെ പുന്നാര-ചക്കര ചെക്കനെയാണ്.
ആ സമയത്ത് എന്തോ, സമൂഹം, ചാരിത്രം, വിവാഹം എന്നീ പുരാഗമന ചിന്താധരണികളൊന്നും അവളുടെ നല്ല മനസാക്ഷിയെ കുഴപ്പിക്കാനായി ഉണർന്നു വന്നില്ല എന്നതാണ് സത്യം.
പക്ഷെ, ഒരു കാര്യം പറയണല്ലൊ.
കാര്യങ്ങൾ അതിനുശേഷം അല്പം കൈവിട്ടു പോയി! അപ്രതീക്ഷിതമായ ചുംബനം അവളുടെ അരുകിലിരുന്ന പുന്നാര – ചക്കര ചെക്കനെ ഉണർത്തി. അയാളവളെ തന്റെ മാറോടടുപ്പിച്ച് ചുബനങ്ങളുടെ ഒരു പെരുമഴ കൊണ്ടവളെ നനയിച്ചു. പരതുന്ന കൈകളും, ചൂടുള്ള നിശ്വാസങ്ങളും കൊണ്ടവനവളെ പൊതിഞ്ഞു.
പെരുമഴക്കൊടുവിൽ, അണക്കെട്ട് തകർന്ന പോലൊരു അനുഭവം!
നദി പ്രവാഹത്തിൽ കുത്തിയൊലിച്ച്, ചുഴികളിലും, ആഴങ്ങളിലും മുങ്ങിപ്പൊങ്ങി, അവളൊരു താമര പൊയ്കയിൽ ചെന്നടിഞ്ഞു. അവിടെനിന്ന് എപ്പോഴൊ സ്ഥലകാല ബോധത്തിന്റെ താമര വള്ളികളിൽ പിടിച്ച് മെല്ലയുണർന്ന് അവളൊന്നു ചുറ്റും കണ്ണോടിച്ചു നോക്കി.
“ഇതേതാണീ സ്ഥലം”?
ബോധമന്ധലത്തിലെക്കുള്ള ഈ തിരിച്ചുവരവിനിടയിലെപ്പോഴാണ് ‘ചാരിത്രം’ എന്ന മൂന്നക്ഷരം അവളെ നോക്കി കണ്ണൂരുട്ടിയത്!
നശിച്ചു ! എല്ലാം നശിച്ചു !
ഒരു കുലസ്ത്രീയ്ക്ക് വേണ്ട മിനിമം മാനദണ്ഡമായ ചാരിത്രം – അതില്ലാതായ, ‘എല്ലാം നശിച്ചവളായ,’ ഒരു നികൃഷ്ടജീവിയായി താൻ അധപതിച്ചിരിക്കുന്നു എന്ന തോന്നൽ അവളെ ഒരു നിമിഷം വല്ലാതെയൊന്നുലച്ചു.
പാവം !ഉലഞ്ഞില്ലെങ്കിലല്ലെ അത്ഭുതപ്പെടേണ്ടു?
അവൾ വായിച്ച നോവലുകളിലെ ‘എല്ലാം തകർന്ന’ നായിക ‘മുളചീന്തുന്നപോലെ’ പൊട്ടിക്കരയുന്ന കഥാഭാഗമാണിത്! അതുമല്ലെങ്കിൽ പുരുഷ മേധാവിത്വത്തിൻ്റെ ലജ്ജാകരമായ കൈയൊപ്പോടെ – “അവൾ ഒന്നു തടഞ്ഞിരുന്നെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ” എന്ന പച്ചകള്ളം പറയിപ്പിച്ച്, തെറ്റ് മുഴുവനും സ്ത്രീയുടെ മേൽ ചാർത്തി, കൈയടി നേടാൻ മലയാള സിനിമ പുരുഷനെ പരിശീലിപ്പിക്കുന്ന മുഹൂർത്തം!
പക്ഷെ, എന്തു പറയാൻ? താനിഷ്ടപ്പെടുന്ന പുരുഷനോടൊപ്പം പരസ്പര സുഖങ്ങളിൽ മുങ്ങിപ്പൊങ്ങിയ നിമിഷങ്ങൾ എങ്ങനെ തന്നെയൊരു ‘നശിച്ചവൾ’ ആക്കുമെന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് മനസ്സിലാക്കാനായില്ല.
മനസ്സൊന്നിളകിയപ്പോൾ ഒരു ധൈര്യത്തിനായി അവളവനെ തന്റെ കൺകോണിലൂടെയൊന്ന് പാളി നോക്കി. ഏതോ സുന്ദര സ്വപ്നത്തിലെന്നവണ്ണം പാതിയടഞ്ഞ കണ്ണും, അല്പം വിടർന്ന ചുണ്ടിന്റെ കോണിലൊരു മൃദുമന്ദഹാസവുമായി പാതിമയക്കത്തിന്റെ നിർവൃതിയിലുറങ്ങുന്ന അവനെ കണ്ടപ്പോൾ കരയാനല്ല, മറിച്ച്, കെട്ടിപ്പിടിച്ച് ഒരുമ്മയും കൂടെ കൊടുക്കാനാണവൾക്ക് തോന്നിയത്!
അവൾ പണ്ടേ ഇങ്ങനെയായിരുന്നു. ജീവിതത്തെ ലിംഗ- പ്രായ ബന്ധിത നിയമങ്ങളിൽ തളച്ചിട്ട് സമൂഹം എന്തിനിത്ര സങ്കീർണ്ണമാക്കുന്നു എന്നത് അവൾക്കു ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
അല്ലെങ്കിൽ നിങ്ങൾ തന്നെയൊന്ന് ആലോചിച്ചു നോക്കൂ!
ഒരു പെൺകുട്ടി ഇഷ്ടപ്പെട്ട സതീർത്ഥ്യനോട് കൂടുതൽ സംസാരിച്ചാലത് പ്രേമം! സ്നേഹമൊന്ന് കൂടി കൂട്ടുകാരിയെ ഒന്ന് കെട്ടിപ്പിടിച്ചാൽ- ഛെ! സ്വവർഗ്ഗ പ്രേമം! വസ്ത്രത്തിന്റെ സ്ഥാനമൊന്ന് മാറിക്കിടന്നാലത് ആഭാസം!
സാമൂഹ്യമര്യാദകൾ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം സാമൂഹൃബന്ധനങ്ങളെ മനസ്സിലാക്കാനോ, തോളിലേറ്റാനോ അവളൊരിക്കലും തുനിഞ്ഞിട്ടുമില്ല, കുനിഞ്ഞിട്ടുമില്ല!
‘ഇതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളൊക്കെ ഞാനങ്ങ് സഹിച്ചു! ഹല്ല പിന്നെ’!
ഇപ്പോഴിതാ സുഖത്തിന്റെ മഹാ തിരമാലയിൽ മുക്കിപ്പൊക്കി, നിർവൃതിയുടെ കരയിലടുപ്പിച്ച അതേ നിമിഷങ്ങൾതന്നെ, സാമൂഹ്യമര്യാദക്രമത്തിൽ അവളെ ‘പിഴച്ചവൾ’ എന്ന ഗണത്തിലേക്ക് തള്ളിയകറ്റി നിറുത്തുന്നു!
ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന പ്രഹേളികയ്ക്കു മുൻപിൽ സത്യം തേടി അവൾ വല്ലാതെയുഴറി.
പക്ഷെ, ഒന്നു സംഭവിച്ചു. ചൂടുപിടിച്ച ചിന്തകൾ അവളുടെ ശരീരത്തെ വല്ലാതെ തപിപിച്ചു! അവളുടെ ശരീരം വിഗരണം ചെയ്ത ചൂടറിഞ്ഞ അവൻ തന്റെ അർദ്ധമയക്കത്തിൽ നിന്നുണരുകയും, തന്റെ ശരീരത്താൽ അതേറ്റ് വാങ്ങുകയുംചെയ്തു. ഉണരുന്ന ശരീരങ്ങളുണർത്തിയ ഞരക്കങ്ങളുടെ സുഖമേറ്റു വാങ്ങാനായ് തുറന്ന ചുണ്ടുകൾക്കിടയിലൂടെ നാവുകൾ എന്തോ പരതിയപ്പോൾ …..
അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി,ആ നെഞ്ചിന്റെ താളങ്ങൾക്ക് ചെവിയോർത്തുകൊണ്ടവൾ പിറുപിറുത്തു…..
‘സ്നേഹവും, പരസ്പര വിശ്വാസവുമാണ് എനിക്കെന്റെ ചാരിത്രം’.
ഒന്നുകൂടെ അവനെ തന്നോട് ചേർത്തു പിടിച്ചുകൊണ്ടവൾ പറഞ്ഞു….
‘ഞാനും ചാരിത്ര്യവതി തന്നെ’.















