ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച സംഭവത്തിൽ സംഘാടകർക്കും വീട്ടുടമസ്ഥനുമെതിരെ ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിക്കിടെ അനധികൃതമായി മദ്യപാനം, പുകവലി, ഹുക്ക ഉപയോഗം എന്നിവ അനുവദിച്ചതിനാണ് മാറത്തഹള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് റെയ്ഡ് നടത്തിയത്.
ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിലെ വനിതാ സംരക്ഷണ സ്ക്വാഡ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നവംബർ 8-ന് രാത്രി പത്തു മണിയോടെ കരിയമ്മന അഗ്രഹാര റോഡിലെ ‘ക്രോസ് വിൻഡ്‌സ്’ എന്ന വില്ലയിൽ രാത്രി മുഴുവൻ നീളുന്ന സ്വകാര്യ പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി പരിശോധന നടത്തിയത്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റാഗ്രാം, വിവിധ സോഷ്യൽ മീഡിയ ആപ്പുകൾ എന്നിവ വഴിയാണ് സംഘാടകർ യുവാക്കളെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. പ്രവേശനത്തിനായി പുരുഷന്മാരിൽ നിന്ന് 1,710 രൂപയും സ്ത്രീകൾക്ക് 1,080 രൂപയും ദമ്പതികളിൽ നിന്ന് 2,400 രൂപ വീതവും ഈടാക്കിയിരുന്നു. കൂടാതെ മറ്റ് സേവനങ്ങൾക്കായി അധിക തുകയും വാങ്ങിയിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
യാതൊരുവിധ മുൻകൂർ അനുമതികളുമില്ലാതെയാണ് ഉച്ചത്തിലുള്ള സംഗീതവും മദ്യ-ഹുക്ക സൽക്കാരങ്ങളും ഉൾപ്പെടെ പാർട്ടി സംഘടിപ്പിച്ചത്. കർണാടക എക്സൈസ് ആക്ട്, കർണാടക പൊലീസ് ആക്ട്, സിഗരറ്റ്സ് ആന്റ് അദർ ടൊബാക്കോ പ്രോഡക്ട്സ് ആക്ട് (COTPA 2003) എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സംഘാടകർക്കും വീട്ടുടമയ്ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Illegal Diwali party held at a house in Bengaluru; case registered against the organizers.
















