ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ പടുബിദ്രി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ് താലൂക്കിലെ ഹെജമാടി വില്ലേജിൽ ദേശീയപാത 66-ലെ ഹെജമാടി ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാപ്പ് സർക്കിൾ ഇൻസ്പെക്ടർ അസ്മത്ത് അലിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും അതിന് അകമ്പടിയായി വന്ന മറ്റൊരു വാഹനവും പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
കാർവാർ കിന്നര സ്വദേശി വിനയ് (47), സുൽക്കേരി റോഡ് നന്ദഗഡ് നിവാസി ഗജാനൻ മഹാബലേശ്വർ നായിക് (45), അമദള്ളി സ്വദേശി സുജിത് തലേകെരെ (25), ഷിർവാഡ് സ്വദേശി ലോറൻസ് തോമസ് മെൻഡോൺസ് (49) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 14.35 ലക്ഷം രൂപ വിലമതിക്കുന്ന ഏകദേശം 2,583 ലിറ്റർ ഗോവൻ മദ്യം, കടത്താൻ ഉപയോഗിച്ച 5 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര ഇൻസുലേറ്റഡ് പിക്ക് അപ്പ് വാഹനം, 3 ലക്ഷം രൂപ വിലമതിക്കുന്ന മാരുതി സ്വിഫ്റ്റ് കാർ എന്നിവ അടക്കം ആകെ 22.35 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.
പിടിയിലായ വിനയ്ക്കെതിരെ കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എക്സൈസ് നിയമപ്രകാരം കേസുകൾ നിലവിലുണ്ട്.സംഭവത്തിൽ കർണാടക എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകളും ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും പടുബിദ്രി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
SUMMARY: Four people arrested with Goan liquor worth Rs 14.35 lakh
















