കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായിരുന്ന അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് പോലിസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്കി. ബിനോയിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് പകരം ആജീവനാന്തം റദ്ദാക്കണമെന്നാണ് ആവശ്യം. ഏഴോളം കേസുകളില്‍ പരതിയായ ഇയാള്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഡ്രൈവര്‍ ആയി എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനോയ് നിലവില്‍ റിമാന്‍ഡിലാണ്.
അപകടമുണ്ടാക്കിയ മലയില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 മുതല്‍ ഡോര്‍ തുറന്ന് സര്‍വീസ് നടത്തല്‍, സിഗ്നല്‍ ലംഘനം, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍ തുടങ്ങി 154 നിയമലംഘനങ്ങള്‍ ബസിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇൻഫോപാർക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്ന തൃശ്ശൂർ സ്വദേശിനി അക്ഷരയെ മരണം കവർന്നത്. രാവിലെ ജിമ്മിലെ വ്യായാമം കഴിഞ്ഞ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അക്ഷരയെ, അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണിത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അക്ഷരയുടെ മരണത്തിന് പിന്നാലെ സ്വകാര്യ ബസുകളില്‍ എംവിഡിയും പോലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ 382 ബസുകള്‍ക്കെതിരെ നടപടി എടുത്തിരുന്നു.
SUMMARY: The incident of the death of a young woman in a private bus: the driver’s license has been canceled for life
















