ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ധനി പ്രോപ്പർട്ടീസ് ഉടമ ചരൺ ഗൗഡ (39) ആണ് കൊല്ലപ്പെട്ടത്. നവംബർ 13 വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഭാര്യയ്ക്കൊപ്പം കാറിൽ ഓഫീസിലെത്തിയ ചരൺ ഗൗഡ വാഹനം പാർക്ക് ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുമായി നേരത്തെ സ്ഥലത്ത് കാത്തുനിന്ന അക്രമികൾ അദ്ദേഹത്തെ വെട്ടിവീഴ്ത്തി. ആക്രമണത്തിന്റെ ശബ്ദം കേട്ട് ഭാര്യ ഓടിയെത്തി പ്രതികളോട് ആക്രമണം നിർത്താൻ അപേക്ഷിച്ചെങ്കിലും അവർ തുടർന്നും വെട്ടിയശേഷം ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ചരൺ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ചന്നപട്ടണ സ്വദേശിയായ ചരൺ ഗൗഡ യെലഹങ്കയിലെ കൊഗിലു ക്രോസിലായിരുന്നു താമസം. പത്തുവർഷത്തോളമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. യെലഹങ്ക ന്യൂ ടൗണിലെ 15എ ക്രോസ് റോഡിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനം. ഭൂമി, സൈറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ക്വട്ടേഷൻ കൊലപാതക സാധ്യതയും അന്വേഷിക്കുന്നുണ്ട്.
യെലഹങ്ക ന്യൂ ടൗൺ പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. ഓഫീസിന് സമീപത്തെയും പഞ്ചാബ് നാഷണൽ ബാങ്കിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
SUMMARY: Real estate businessman hacked to death in Yelahanka; attacked in front of his wife
















