മലപ്പുറം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെണ്‍കുട്ടിയെ ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് ഈ കണ്ടെത്തല്‍.
വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും ശരീരത്തിലെ പ്രോട്ടീന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെണ്‍കുട്ടിക്കുണ്ടായത്. ഓണ്‍ലൈനിലൂടെയാണ് കുട്ടി ക്രീം വാങ്ങിയത്. ഒരുവര്‍ഷത്തോളമായി ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ക്ലാസില്‍ പോകുമ്പോള്‍ കാലിന് നീരുവരികയും നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു.
പഠിച്ചതൊന്നും ഓര്‍മയില്‍ നില്‍ക്കാത്ത സ്ഥിതിയുമുണ്ടായി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീം തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും തന്നെപോലെ പ്രശ്നമില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതില്‍ മെര്‍ക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ലാബില്‍ ക്രീം പരിശോധനക്ക് അയച്ചു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച്, വലിയ അളവില്‍ മെര്‍ക്കുറി ക്രീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രീം ഉപയോഗിക്കുക വഴി ശരീരത്തില്‍ പ്രവേശിക്കുന്ന മെര്‍ക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം തന്നെ നിലക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
SUMMARY: Excessive mercury in fairness cream; 17-year-old girl in Malappuram develops serious kidney disease















