കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് (23-11-2024) വിധി പറയും. 20 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. വിധി സിപിഐഎമ്മിനും ബിജെപിക്കും നിര്‍ണായകമാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് സി.പി.എം പ്രവർത്തകരുടെ ആവശ്യം.
2016 ജൂലൈ 11നു രാത്രിയാണ് സിപിഎം ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ കൊല്ലപ്പെട്ടത്. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു അക്രമികള്‍. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു.
കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടു. അവശേഷിക്കുന്ന 19 പ്രതികളാണ് വിചാരണ നേരിട്ടത്. രാമന്തളിയിലെ ടി പി ബിജു, എം വിപിന്‍, എം വൈശാഖ്, സി സുകേഷ്, കെ വി പ്രജിത്ത് ലാല്‍, കെ അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്‍, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര്‍ രാജേഷ്, മനിയേരി തമ്പാന്‍, രമേശന്‍, എ പി നിജേഷ്, ലിജിന്‍ എന്നിവരാണ് പ്രതികള്‍. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപ്, പത്താം പ്രതി മനൂപ് എന്നവരും ഒമ്പതാം പ്രതി പി രാജേഷ് കുമാര്‍, 18ാം പ്രതി രമേശന്‍ എന്നിവരും സഹോദരങ്ങളാണ്. 43 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ സാക്ഷിപ്പട്ടികയിലെ മൂന്ന് പേര്‍ വിചാരണക്ക് കോടതിയിലെത്തിയില്ല. അഞ്ചാം സാക്ഷി ഷിബിന്‍ പിന്നീട് സഹോദരങ്ങളായ അനൂപ്, മനൂപ് എന്നിവരുടെ ബന്ധുവിനെ വിവാഹം ചെയ്തതു കാരണമാണ് കോടതിയിലെത്താതിരുന്നത്. മറ്റു രണ്ടു സാക്ഷികളായ ഉണ്ണികൃഷ്ണനും അഖിലും വിദേശത്തായതിനാല്‍ വന്നില്ല.
കക്കന്‍പാറ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുള്ള പാറയിലും കൊല നടന്ന ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്റെ ഗൃഹപ്രവേശന ചടങ്ങിലും വെച്ച് ഗൂഢാലോചന നടത്തിയാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഗൂഢാലോചനയിലാണ് തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവ് എസ് ആര്‍ രാജേഷ് പങ്കെടുത്തതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.127 രേഖകളും വാഹനങ്ങള്‍ ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.
ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ സി പി എമ്മുകാര്‍ ബി ജെ പി പ്രവര്‍ത്തകന്‍ സികെ രാമചന്ദ്രനെ കൊലപ്പെടുത്തി. ധനരാജ് കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്.
അതേസമയം ഇന്നത്തെ കോടതി വിധി സിപിഎമ്മിന് നിര്‍ണായകമാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം പയ്യന്നൂരിലെ സി പി എമ്മില്‍ വലിയ വിവാദമായിരുന്നു. ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പരസ്യമായി ആരോപണം ഉന്നയിച്ച സി പി എം നേതാവ് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ഇദ്ദേഹം യു ഡി എഫ് സഹായത്തോടെ മത്സരിച്ച് എം എല്‍ എ ആവുകയും ചെയ്തു. 60 വര്‍ഷത്തിലേറെയായി സി പി എം പരാജയപ്പെടാത്ത മണ്ഡലത്തില്‍ സിറ്റിങ്ങ് എം എല്‍ എ ടി ഐ മധുസൂദനനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. രക്തസാക്ഷി ഫണ്ട് തിരിമറിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നിര്‍ണായകമായിത്തീരുന്നത്.
വിധി അനുകൂലമായാൽ പയ്യന്നൂരിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സംഘടനാ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം, പ്രതീക്ഷിച്ച വിധിയുണ്ടായില്ലെങ്കിൽ രക്തസാക്ഷി ഫണ്ട് വിവാദവും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും വീണ്ടും ചർച്ചയാകാം. വി. കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നേരിടുന്ന വിമർശനങ്ങൾക്കും ഇതോടെ പുതിയ മാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
SUMMARY: Verdict in the Payyannur Dhanaraj murder case today















