ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അന്വേഷണം നടത്താൻ മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് സുപ്രിംകോടതി. മാധ്യമപ്രവർത്തകർ ഉന്നയിച്ച പരാതികളും ആരോപണങ്ങളും സമിതി പരിശോധിക്കും. ഏഴ് മലയാളി മാധ്യമപ്രവർത്തകരെ അന്യായമായി തടങ്കലില്‍ വെച്ചെന്നും കൈയേറ്റം ചെയ്തെന്നുമുള്ള ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
പ്രതിഷേധങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണവും സമിതി പരിശോധിക്കും. ഔദ്യോഗിക കൃത്യനിർവഹണം തടസ്സമില്ലാതെ നടത്താനുള്ള സ്വാതന്ത്ര്യം മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെയുഡബ്ല്യുജെ) കോടതിയില്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണവും സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടിയാണ് സംഘടന ഹരജി നല്‍കിയത്.
ആക്രമണത്തിന് ഉത്തരവാദികളായവർക്കും നടപടിയില്‍ വീഴ്ച വരുത്തിയ പോലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സമർപ്പിച്ച ഹരജിയില്‍ നേരത്തെ സുപ്രിംകോടതി കേന്ദ്ര സർക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് ഹരജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിക്ക് കൈമാറി കോടതി തീർപ്പാക്കിയത്.
SUMMARY: Police Atrocity Against Malayali Journalists; Supreme Court Issues Notice to Centre and Delhi Police















