തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ വീട്ടിൽക്കയറി തെരുവുനായ കടിച്ചുകൊന്നു. വ്യാഴാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ എരുമപ്പെട്ടി സ്വദേശി കാര്‍ത്യായനി (84) ആണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഏതാനും നാളുകൾക്ക് മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്യായനി വീടിനുള്ളിൽ കിടപ്പിലായിരുന്നു. ഈ സമയത്താണ് തെരുവുനായ വീടിനകത്തേക്ക് കടന്നുവരികയും കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. മകൻ ദേവദാസും കാർത്യായനിയും മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. നായയുടെ കടിയേറ്റ് കാർത്യായനിക്ക് ശരീരമാസകലം അതീവ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു. കാർത്യായനിയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും നായെ കണ്ടെത്താൻ കഴിഞ്ഞില്ല.
കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
SUMMARY: A stray dog attack elderly woman killed in Thrissur







