പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി പങ്കെന്ന് സൂചന. പ്രതി നിവേദ്യയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇതേക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്. ഒക്ടോബർ ആദ്യമാണ് കൊലപാതകം നടന്നത്.
അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മകളായ ജെനിഫർ ജൂലിയറ്റും (അഞ്ച്), മകൻ റോബിൻ ക്രിസ്റ്റഫറുമാണ് (മൂന്ന്) കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോള്‍ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോണ്‍കുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.
വെള്ളത്തൊട്ടിയില്‍ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയില്‍ പിടിച്ച് ബലമായി വെള്ളത്തില്‍ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയില്‍ തള്ളിയിട്ടശേഷം മുതുകില്‍ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടിയില്‍ മുക്കാല്‍ഭാഗം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കുട്ടികളുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അയല്‍വാസികളോട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞു.
താൻ വീടിന് പുറത്ത് തേങ്ങ പൊതിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. അയല്‍വാസികള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വതന്ത്രജീവിതത്തിന് കുട്ടികള്‍ തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന പ്രതിയുടെ ആദ്യ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടെയാണ് കൊലപാതകത്തില്‍ മറ്റൊരാള്‍ക്കുകൂടി പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്.
SUMMARY: Incident in Palakkad where a mother killed her young children; indications suggest the involvement of another person















