ഡൽഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പൽ കൂടി ഇന്ത്യൻ തീരത്തേക്ക്. ഹോർമൂസ് കടക്കുന്ന ഏഴാമത്തെ എൽപിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്. ഗ്രീൻ സാൻവിയെന്ന ടാങ്കറായിരിക്കും എത്തുക. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് കപ്പലിന് നാവികസേന അകമ്പടി നൽകും. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സജീവമായി ചർച്ചകൾ നടത്തുന്നുണ്ട്. പശ്ചിമേഷ്യൻ സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചർച്ചകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടക്കുമെന്ന പ്രതീക്ഷ കേന്ദ്രം പങ്കുവച്ചു.
ഈ അടുത്ത ദിവസം മാത്രം ആറ് ഇന്ത്യന്‍ കപ്പലുകളാണ് സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറാന്റെ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.
അതേസമയം പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ ഇന്ത്യ ആരംഭിച്ചു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ 90 ശതമാനം ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
SUMMARY: Another ship from Hormuz reaches Indian coast amid fuel crisis















