തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതൻ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തതായി കാട്ടി വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും അറ്റൻഡൻസ് രജിസ്റ്ററും പോലീസ് പരിശോധിക്കും. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സുഗതൻ മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്നാണ് എസ് പി ദീപക്കിൻ്റെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗണ്‍സില്‍ രജിസ്റ്ററിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്.പി. ദീപക് കമ്മീഷണർക്ക് പരാതി നല്‍കിയത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രില്‍ 27 എന്നീ തീയതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ട് ക്രമക്കേട് നടത്തിയതായി ആരോപിക്കുന്നത്.
ഫെബ്രുവരി മുതല്‍ സുഗതൻ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും, തുടർച്ചയായി ആറുമാസം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാക്കപ്പെടുമെന്ന ചട്ടം മറികടക്കാനാണ് ബി.ജെ.പി വ്യാജ ഒപ്പിട്ടതെന്നും ദീപക് ആരോപിച്ചു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥനും രംഗത്തെത്തി.
എല്‍.ഡി.എഫ് ഉന്നയിച്ച പരാതി അതീവ ഗൗരവതരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജൂണില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ രജിസ്റ്റർ പരിശോധിക്കാൻ ഒരുങ്ങിയപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ അക്രമം അഴിച്ചുവിട്ടത് ഈ കള്ളയൊപ്പ് സംരക്ഷിക്കാനാണോ എന്ന് സംശയമുണ്ടെന്നും ശബരീനാഥൻ വ്യക്തമാക്കി.
SUMMARY: Controversy over the alleged forged signature of BJP Councilor Sugathan, an accused in a KAAPA case; police have initiated a preliminary investigation
















