ബെംഗളൂരു: ഡോക്ടർമാർ പേരിന് മുന്നിൽ ‘ഡോ.’ എന്നും പ്രൊഫസർമാർ ‘പ്രൊഫ.’ എന്നും ഉപയോഗിക്കുന്നതുപോലെ, കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം ‘ടി. ആർ ’ എന്ന ബഹുമതിപ്പദവി ഉപയോഗിക്കാം. അധ്യാപക ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ ഏകദേശം നാലര ലക്ഷം അധ്യാപകർക്ക് അധ്യാപകവൃത്തിയോടുള്ള ആദരസൂചകമായാണ് പുതിയ പദവി അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിലും സമൂഹത്തെയും രാജ്യത്തെയും മുന്നോട്ടുനയിക്കുന്നതിലും അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകർ സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നവരാണെന്നും അവരുടെ സേവനത്തിന് കൂടുതൽ അംഗീകാരം നൽകേണ്ടതുണ്ടെന്നും ഡി. കെ ശിവകുമാർ പറഞ്ഞു. ‘അധ്യാപകൻ’ എന്ന പദവി വെറും വിളിപ്പേരല്ലെന്നും അധ്യാപകർ സേവനത്തിലൂടെ നേടിയെടുക്കുന്ന ബഹുമതിയുടെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഖ്യാപനത്തിന് അധ്യാപക സംഘടനകളിൽ നിന്ന് പൊതുവെ അനുകൂല പ്രതികരണമാണ് ലഭിച്ചത്. സർക്കാർ ജീവനക്കാരായ അധ്യാപകർക്ക് മാത്രമല്ല, അതിഥി അധ്യാപകർക്കും ഈ ബഹുമതിപ്പദവി ഉപയോഗിക്കാൻ അവസരം നൽകണമെന്നാണ് ചില അധ്യാപക സംഘടനകളുടെ ആവശ്യം.
അതേസമയം, വിദ്യാഭ്യാസ വിദഗ്ധരിൽ ചിലർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും അധ്യാപകരുടെ യഥാർഥ ബഹുമതി ഉറപ്പാക്കാൻ മെച്ചപ്പെട്ട ശമ്പളം, മികച്ച തൊഴിൽ സാഹചര്യം, ആവശ്യമായ പരിശീലനം, നൈപുണ്യ വികസനത്തിനുള്ള അവസരങ്ങൾ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലും സർക്കാർ കൂടുതൽ ശ്രദ്ധ നൽകണമെന്ന് അഭിപ്രായപ്പെട്ടു.
അധ്യാപകവൃത്തിക്ക് കൂടുതൽ സാമൂഹിക അംഗീകാരം നൽകാനും യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും തീരുമാനം സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ ബഹുമതിപ്പദവി ഉപയോഗിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച കൂടുതൽ വിശദമായ നിർദേശങ്ങൾ പിന്നീട് പുറത്തിറങ്ങുമെന്നാണ് സൂചന.
SUMMARY: Teachers in Karnataka will now be given the honorary title of ‘Tr.’; D.K. Shivakumar announces
















