ചെന്നൈ: അധികാരമേറ്റ ഉടൻ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതിനുള്ള ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികൾക്കായി പ്രത്യേക പട്രോൾ സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങൾ.
സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വിജയ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റത്. പൊതുഭരണം, ആഭ്യന്തരം, പോലിസ് വകുപ്പുകൾ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുക.
അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു.
ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും.
തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഞാൻ കാര്യങ്ങൾ മറച്ചുവെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യില്ല. നിങ്ങൾ എന്റെ സുഹൃത്തുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Free electricity, special squad for women’s safety, patrol team to prevent intoxication; Vijay with popular announcements














