തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ ഏഴ് ജീവനുകള്‍ നഷ്ടമായി. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. മലപ്പുറത്തുതന്നെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും മരിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തീരദേശ ന്യൂനമർദപ്പാത്തിയുടെ സ്വാധീനം മൂലമാണ് മഴ കനക്കുന്നത്. നാളെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ പന്ത്രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കും. വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം ഉറപ്പാക്കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
SUMMARY: Heavy rain wreaks havoc in the state; death toll rises to seven
















