മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരണപ്പെട്ടു. മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്. ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകർന്നത്.
കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇനിയും ആളുകൾ കെട്ടിടഅവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സിൻ്റേയും, മുംബൈ പോലീസിൻ്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തടസ്സപ്പെടുകയും റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മുംബൈയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Heavy rains in Mumbai; Six dead, including children, after building collapses
















