തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാലവർഷം ശക്തമായി തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി മുതൽ തിരുവനന്തപുരം വരെയാണ് യെല്ലോ അലർട്ട്. അതേ സമയം കേരള ലക്ഷ‍്യദ്വീപ് തീരങ്ങളിൽ മത്സ‍്യബന്ധന വിലക്ക് തുടരും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിതീവ്രമഴയെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് ആറ് പേർക്ക് ജീവന്‍ നഷ്ടമായി. കാസർകോട് വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണ് സഹോദരങ്ങളായ കുട്ടികൾ മരണപ്പെട്ടു. തൃശൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചിരുന്നു. കൊല്ലത്ത് ചിറയിൽ കുളിക്കാനാറിങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അതേ സമയം കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും ദാരുണാന്ത‍്യം.
SUMMARY: Heavy rains in the state today; Orange alert in seven districts
















