ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ വർധനവിനെത്തുടർന്ന് രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിക്കുന്നു. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏവിയേഷൻ ടർബൈൻ ഫ്യൂവല്‍ വിലയില്‍ വലിയ വ്യത്യാസമാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വർധനവാണ് ഇന്ധന വിലയിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്കാണ് ഇന്ധനച്ചെലവ് എത്തിയിരിക്കുന്നത്. വിമാനക്കമ്പനികളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി മാറ്റിവെക്കേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കുന്നുണ്ട്.
യാത്രക്കാർക്ക് മേലുള്ള സാമ്പത്തിക ഭാരം പരമാവധി കുറക്കുന്ന രീതിയിലാണ് ചെറിയ തോതിലുള്ള ഈ ഇന്ധന സർചാർജ് വർധന നടപ്പിലാക്കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. ആഭ്യന്തര റൂട്ടുകളില്‍ ദൂരപരിധിക്കനുസരിച്ച് 375 രൂപ മുതല്‍ 1,300 രൂപ വരെയാണ് ഇന്ധന സർചാർജായി ഈടാക്കുക.
അന്താരാഷ്ട്ര സർവീസുകളില്‍ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് 1,000 രൂപ മുതല്‍ 3,000 രൂപ വരെയും തെക്കുകിഴക്കൻ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് 5,500 രൂപയും, ആഫ്രിക്കക്ക് 6,000 രൂപയും, യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് 10,000 രൂപ വരെയുമാണ് പുതുക്കിയ നിരക്കുകള്‍. വിപണിയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യത്തിനനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
SUMMARY: IndiGo to hike fuel charges from October 6
















