കൊച്ചി: സ്പായില്‍ ജോലി അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ നാലു പ്രതികളും പിടിയിലായി.
സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് എസ്.ആർ നിവാസില്‍ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ കുതിരപ്പറമ്പില്‍ ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയാണ് തന്നെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രണ്ടുപേരും വയനാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ജില്ലയിലെത്തുന്നത്.
ഒക്ടോബർ മൂന്നിന് വൈകീട്ട് ലോഡ്ജില്‍നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം പറഞ്ഞതിനെ തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
SUMMARY: Kalamassery gang rape: Two more, including a woman who had been in hiding, arrested















