പാട്‌ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ അഞ്ച് മരണം. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ബുധനാഴ്‌ച മുതലാണ് ചമ്പാരനിലെ തുർകൗലില, രഘുനാഥ്‌പൂർ എന്നിവിടങ്ങളിൽ നിന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേർ ചികിത്സയിലുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറുപേർക്ക് കാഴ്‌ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ 12 പേർ അറസ്റ്റിലായി. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മരണസംഖ്യ അഞ്ചായി ഉയർന്നതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം അറിയാൻ കഴിയൂ. തുർകൗലിയ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി പോലീസ് സൂപ്രണ്ട് സ്വർണ് പ്രഭാത് പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വ്യാജമദ്യ നിരോധന നിയമത്തിന്റെ ഗുരുതരമായ പോരായ്മകളും നിരോധനം നടപ്പാക്കുന്നതിൽ എൻഡിഎ സർക്കാരിന്റെ പരാജയവും ഒരിക്കൽ കൂടി തുറന്നുകാട്ടിയതായി ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് പറഞ്ഞു.
SUMMARY: Liquor tragedy in Bihar: Five people dead, nine under treatment, three in critical condition















