ബെംഗളൂരു: സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വെർജിൻ അറ്റ്ലാന്റിക് വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന ഏകദേശം 270 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 8.20നാണ് വിമാനം ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടത്. പറന്നുയർന്ന് അധികം വൈകാതെ വിമാനത്തിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റും ജീവനക്കാരും വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
വിമാനം നേരിട്ട് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് തുമകൂരുവിന് സമീപം അരമണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്നതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചെത്തിച്ചതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) വൃത്തങ്ങൾ അറിയിച്ചു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിന് പിന്നാലെ യാത്രക്കാരെ പരിശോധിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്തിൽ കണ്ടെത്തിയ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തിവരികയാണ്.വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് സംഭവത്തിൽ ഉടൻ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക പ്രശ്നത്തിന്റെ സ്വഭാവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധന പൂർത്തിയായ ശേഷമേ വ്യക്തമാകു.
SUMMARY: London flight makes emergency landing at Bengaluru airport
















