ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ ഓണ്‍ലൈനില്‍ നടക്കും. ആദ്യ വർഷം സുഗതകുമാരി ടീച്ചറുടെ കവിതകളും, രണ്ടാം വർഷം കുമാരനാശാന്റെ കവിതകളും, കഴിഞ്ഞ വർഷം ഒ.എൻ.വി. കുറുപ്പിന്റെ കവിതകളുമായിരുന്നു മത്സരത്തിനായി തിരഞ്ഞെടുത്തത്. ഈ വർഷം മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളാണ് കുട്ടികൾ ചൊല്ലുന്നത്.
ഈ വർഷത്തെ പ്രത്യേകതയായി കുട്ടികൾക്കൊപ്പം അധ്യാപകർക്കായും കാവ്യാലാപന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കർണാടക ചാപ്റ്ററിൽ നിന്ന് 108 കുട്ടികളും 28 അധ്യാപകരുമാണ് ഈ ആഗോള മത്സരത്തിൽ പങ്കെടുക്കുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി സെന്റർ, മേഖല, ചാപ്റ്റർ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവരാണ് ആഗോള മത്സരത്തിൽ കർണാടക ചാപ്റ്ററിനെ പ്രതിനിധീകരിക്കുന്നത്.
കവിതകൾ കാണാതെ പഠിച്ച്, ഭാവവും താളവും അർത്ഥവും ഉൾക്കൊണ്ട് ചൊല്ലി വീഡിയോയായി സമർപ്പിക്കുന്ന രീതിയിലാണ് മത്സരം നടക്കുന്നത്. മേഖലാ-ചാപ്റ്റർ തല മത്സരങ്ങളുടെ ഒരുക്കങ്ങൾ ചാപ്റ്റർ ഭാരവാഹികളുടെയും മേഖലാ കോ-ഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള പരിചയസമ്പന്നരും പ്രതിഭാധനരുമായ വിധികർത്താക്കളാണ് ഈ വർഷത്തെ മത്സരാർത്ഥികളെ വിലയിരുത്തുന്നത്. ഈ വർഷത്തെ മത്സരങ്ങളുടെ കോ-ഓർഡിനേറ്ററായി മലയാളം മിഷൻ അധ്യാപകൻ കൂടിയായ ശൈലേഷ് മാഷ് പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളെ കവിതയോടും സാഹിത്യത്തോടും കൂടുതൽ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന പഠനപ്രവർത്തനമാണിത്. കഴിഞ്ഞ വർഷങ്ങളിലും ആഗോളതലത്തിലുള്ള സുഗതഞ്ജലി മത്സരങ്ങളിൽ കർണാടക ചാപ്റ്ററിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
SUMMARY: Malayalam Mission Sugatanjali Poetry Singing Competition
















