കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികള്‍ നല്കിയ ഹർജിയാണ് തള്ളിയത്. നിലവില്‍ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണല്‍ സെഷൻസ് കോടതിയില്‍ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം.
എന്നാല്‍ ജഡ്ജിക്ക് എതിരായ ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തലശ്ശേരി മൂന്നാം അഡീഷണല്‍ സെഷൻസ് കോടതിയോട് തന്നെ വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
2018 ഫെബ്രവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷം കഴിഞ്ഞ മെയ് മാസമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് കേസില്‍ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം നേരത്തെ വിചാരണ കോടതി റദ്ദാക്കിയെങ്കിലും ഹൈൈക്കോടതി വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.
SUMMARY: Mattannur Shuhaib murder case: High Court rejects accused’s plea to transfer the trial court
















