കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍ തുറക്കാന്‍ കേരള – തമിഴ്നാട് അധികൃതര്‍ ധാരണയായിരുന്നു. 10 സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 600 മുതല്‍ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 13 സ്പില്‍വേ ഷട്ടറുകളും തുറക്കുകയാണുണ്ടായത്. 250 ഘനയടി വെള്ളമായിരിക്കും തുറന്നു വിടുക. നിലവിലെ ജലനിരപ്പ് 136.25 അടിയാണ്. റൂള്‍ കെര്‍വ് പ്രകാരം തിങ്കളാഴ്ചവരെ അണക്കെട്ടില്‍ 136 അടിക്കു മുകളില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിന് കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെയും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ആവശ്യത്തെ തുടര്‍ന്ന് രാത്രിയില്‍ ഡാം തുറക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് ഇന്നു രാവിലെ പത്തിനു ശേഷമായിരിക്കുമെന്ന് തമിഴ്നാട് തീരുമാനിച്ചത്.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ വലിയ രീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കില്ല. പെരിയാര്‍ നദിയില്‍ അപകടകരമായ തോതില്‍ ജലം ഉയരാന്‍ സാധ്യതയില്ലെങ്കിലും പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.
SUMMARY: Mullaperiyar dam opened; all 13 shutters raised