തിരുവനന്തപുരം: കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഇരുവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. കോളജിലെ വിദ്യാർഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
അതേസമയം, നിലവിലെ പോലീസ് അന്വേഷണത്തിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് നിതിൻ രാജിന്റെ കുടുംബം വ്യക്തമാക്കി. തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നുമാണ് പിതാവ് രാജൻ ആരോപിക്കുന്നത്. മകന്റെ മരണശേഷം കോളേജ് അധികൃതരോ സഹപാഠികളോ വീട്ടിലെത്താതിരുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ കോളേജ് അധികൃതർ തങ്ങളെ അറിയിക്കണമായിരുന്നുവെന്ന് നിതിന്റെ സഹോദരി നികിതയും പ്രതികരിച്ചു. വീട്ടുകാരുടെ അറിവോടെയുള്ള ഇടപാടുകളായിരുന്നു അതെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി, നിതിന്റെ കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഗവർണറെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം നിതിന്റെ വീട് സന്ദർശിച്ച അദ്ദേഹം, പോലീസ് നൽകുന്ന വിവരങ്ങളും കുടുംബം പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. നിലവിൽ സസ്‌പെൻഷനിലുള്ള അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
















